ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യഘട്ടം വരെ വയനാട് ആദിമ നിവാസികളായ ഗിരിവര്‍ഗ്ഗക്കാരുടെ മാത്രം ആവാസഭൂമിയായിരുന്നു. കിടങ്ങന്മാർ എന്ന പ്രാചീന ഗോത്രക്കാര്‍ താമസിച്ചിരുന്ന സുല്‍ത്താൻ ബത്തേരിക്കടുത്ത പ്രദേശം കിടങ്ങനാട് എന്ന പേരിലറിയപ്പെടുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുടിയേറി പാര്‍ത്തവരുടെ പിന്മുറക്കാരാണ് വയനാട്ടില്‍ ഇന്നുള്ളവരില്‍ ഭൂരിഭാഗവും. കുടിയേറ്റക്കാര്‍ വനഭൂമി വെട്ടിത്തെളിച്ച് കൃഷിഭൂമിയാക്കി മാറ്റുകയും നാഗരിക ജീവിതം നയിക്കുകയും ചെയ്തതോടെ ഇവിടുത്തെ ആദിവാസികള്‍ കോളനികളിലേക്ക് ഒതുക്കപ്പെട്ടു.പല ഘട്ടങ്ങളിലായി തമിഴ് നാട്ടില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നും കുടിയേറി പാര്‍ത്തവരാണ് ചെട്ടിമാര്‍. ബ്രിട്ടീഷുകാര്‍ വയനാട് കീഴടക്കുന്നതിനു മുമ്പ് തന്നെ മുസ്ലീങ്ങള്‍ വയനാട്ടില്‍ എത്തിയിരുന്നു എന്നതിന്റെ തെളിവുകള്‍ ധാരാളമുണ്ട്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയോടൊപ്പം ക്രിസ്തുമത പ്രചരണത്തിനായി പാതിരിമാര്‍ ക്രിസ്തുമതം വയനാട്ടില്‍ പ്രചരിപ്പിച്ചിരുന്നു. 1948 ല്‍ സുല്‍ത്താൻ ബത്തേരിയിലും സമീപ പ്രദേശങ്ങളിലും അധിവസിപ്പിക്കപ്പെട്ട വിമുക്ത ഭടന്മാരും ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലഘട്ടത്തില്‍ തിരുവിതാംകൂറില്‍ നിന്നും കുടിയേറിയ ക്രിസ്ത്യാനികളടക്കമുള്ള മറ്റു ജനവിഭാഗങ്ങളും വയനാട്ടില്‍ എത്തിചേര്‍ന്നു . ജനനം കൊണ്ടുള്ള വളര്‍ച്ചയേക്കാള്‍ കുടിയേറ്റം കൊണ്ട് ജനസംഖ്യ വളര്‍ച്ചാ നിരക്കില്‍ വര്‍ദ്ധന ഉണ്ടായ കേരളത്തിലെ ഏക ജില്ലയാണ് വയനാട്. സുല്‍ത്താൻ ബത്തേരിയോട് ചേര്‍ന്നു കിടക്കുന്ന കര്‍ണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളും സുല്‍ത്താൻ ബത്തേരിയില്‍ കുടിയേറി പാര്‍ത്തിട്ടുണ്ട്. ഇങ്ങനെ മറ്റു ജില്ലകളിൽ നിന്നും വ്യത്യസ്തമായി എല്ലാ ജനവിഭാഗങ്ങളും ഇഴുകി ചേര്‍ന്ന ഒരു സങ്കര സംസ്കാരം വയനാടിന്റെ ഭാഗമായുള്ള സുല്‍ത്താൻ ബത്തേരിയിലും വികസിച്ചു വന്നു.
ക്രിസ്തുവിനു ശേഷം പത്താം നൂറ്റാണ്ടു മുതലുള്ള സുല്‍ത്താൻ ബത്തേരിയെപ്പറ്റിയുള്ള വിവരങ്ങള്‍ ചരിത്രരേഖകളില്‍ നിന്ന് ലഭ്യമാണ്. 930 എ.ഡി.യില്‍ ഗംഗ രാജ വംശത്തിലെ ഇറയപ്പ ചക്രവര്‍ത്തി തെക്കുപടിഞ്ഞാറന്‍ മൈസൂര്‍ രാജവംശത്തെ കീഴടക്കിയപ്പോള്‍ തന്നെ സുല്‍ത്താൻ ബത്തേരിയെപ്പറ്റി കേട്ടറിയുകയും തന്റെ രാജ്യത്തിന്റെ ഭാഗമാക്കുകയും ബയല്‍ നാട് എന്ന പേര്‍ നല്‍കുകയും ചെയ്തു.
പന്ത്രണ്ടാം നൂറ്റാണ്ടില്‍ വടക്കന്‍ കര്‍ണ്ണാടക ആസ്ഥാനമായി ഭരിച്ചിരുന്ന കദംബ രാജവംശം ഗംഗ രാജവംശത്തെ പരാജയപ്പെടുത്തി ബയല്‍ നാടിന്റെ ഉടയോരായി. 1704 എ.ഡിയില്‍ ഹൊയ്സാല രാജവംശത്തിലെ വിഷ്ണുവര്‍ദ്ധനും 1610 എ.ഡി.യില്‍ വിജയനഗര സാമ്രാജ്യത്തിലെ ഉദയരാജവാഡിയും ബയല്‍നാട് ഭരിച്ചു. ബയല്‍നാട് കാലാന്തരത്തില്‍ വയനാടായി. പിന്നീട് മൈസൂര്‍ രാജവംശത്തിലെ ഹൈദരാലിയുടെ നിയന്ത്രണത്തിലായിരുന്നു, ഇക്കാലത്താണ് വൈത്തിരി താമരശ്ശേരി ചുരം റോഡ് നിര്‍മ്മിച്ചത്. 1792 ലെ ശ്രീരംഗപ്പട്ടണം ഉടമ്പടിയെ തുടര്‍ന്ന് സുല്‍ത്താൻ ബത്തേരി ബ്രിട്ടീഷ് സര്‍ക്കാരിന്റെ അധീനതയിലാവുകയും മലബാര്‍ സ്റ്റേറ്റിന്റെ പരിധിയിലാവുകയും ചെയ്തു. ഇതിനെതിരെ ടിപ്പു സുല്‍ത്താൻ ഗവര്‍ണർ ജനറലിന് അപ്പീല്‍ നല്‍കുകയും 1798 ല്‍ ഗവര്‍ണർ ജനറല്‍ ലോഡ് ഹേണിംഗ്ടണ്‍ വയനാട് മലബാര്‍ സ്റ്റേറ്റിന്റെ ഭാഗമല്ലെന്നും മൈസൂര്‍ രാജ്യത്തിന്റെ തുടര്‍ച്ചയാണെന്നും പ്രഖ്യാപിച്ചു. 1799 ല്‍ നടന്ന മൂന്നാം മൈസൂര്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ ഉടമ്പടി പ്രകാരം വയനാട് ബ്രിട്ടീഷ് ഇന്ത്യ സര്‍ക്കാരിന് കൈമാറി.
മൈസൂര്‍ ഭരണകാലത്ത് സുല്‍ത്താൻ ബത്തേരി കന്നടയിൽ 12 തെരുവുകള്‍ എന്നര്‍ത്ഥം വരുന്ന '"ഹിന്നറോഡുവീഥി" എന്ന പേരിലാണ് അറിയപ്പെട്ടത്. ഗണപതിവട്ടം എന്ന് ഇവിടുത്തുകാര്‍ വിളിച്ചിരുന്ന ഈ പ്രദേശം ടിപ്പുവിന്റെ കാലത്ത് ആയുധപ്പുരകളായി ഉപയോഗിക്കുകയും സുല്‍ത്താന്‍സ് ബാറ്ററി എന്ന് വിളിക്കപ്പെടുകയും പിന്നീട് സുല്‍ത്താൻ ബത്തേരി എന്ന സ്ഥലനാമമായി അറിയപ്പെടുകയും ചെയ്തു.
1967 ഒക്ടോബര്‍ 2 നാണ് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പ്രവര്‍ത്തനമാരംഭിച്ചത്. ആരംഭത്തില്‍ മീനങ്ങാടി, സുല്‍ത്താന്‍ ബത്തേരി, നെന്മേനി, നൂല്‍പ്പുഴ, അമ്പലവയല്‍, മുള്ളന്‍കൊല്ലി, പൂതാടി, പുല്‍പ്പള്ളി എന്നീ 8 പഞ്ചായത്തുകളാണ് ഉണ്ടായിരുന്നത്. 2010 നവംബര്‍ മാസം പനമരം ബ്ലോക്ക് നിലവില്‍ വന്നതോടെ മുള്ളന്‍കൊല്ലി, പൂതാടി, പുല്‍പ്പള്ളി എന്നീ പഞ്ചായത്തുകള്‍ പനമരം ബ്ലോക്കിന്റെ ഭാഗമായി. 2015 ല്‍ നടന്ന തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിലൂടെ സുല്‍ത്താൻ ബത്തേരി പഞ്ചായത്ത് നഗരസഭയായി മാറുകയും ചെയ്തതോടെ സുല്‍ത്താൻ ബത്തേരി ബ്ലോക്കില്‍ നിലവില്‍ 4 പഞ്ചായത്തുകളാണ് ഉള്ളത്.
ധാരാളം വയലുകളും അതിനോട് ചേര്‍ന്ന് ക്ഷേത്രങ്ങളും ഉണ്ടായിരുന്നതുകൊണ്ട് അമ്പലവയല്‍ എന്ന പേര്‍ ലഭിച്ച അമ്പലവയല്‍ പഞ്ചായത്തും തമിഴ്നാട്ടില്‍ നിന്ന് ഒഴുകി വന്ന് വനമേഖലയിലൂടെ മുക്കുത്തിക്കുന്ന്, മുത്തങ്ങ തുടങ്ങിയ സ്ഥലങ്ങളിലൂടെ ഒഴുകി കര്‍ണ്ണാടകയിലേക്ക് പോകുന്ന നൂല്‍പ്പുഴയുടെ നാമത്താല്‍ അറിയപ്പെടുന്ന നൂല്‍പ്പുഴ പഞ്ചായത്തും പശ്ചിമഘട്ട മലനിരകളുടെ മടിത്തട്ടില്‍ തമിഴ്നാടിന്‍റെ ഓരം ചേര്‍ന്ന് കിടക്കുന്ന പ്രകൃതിരമണീയമായ നെല്‍വയലുകളാൽ സമ്പന്നമായ നെന്മേനി പഞ്ചായത്തും പ്രസിദ്ധമായ മത്സ്യാവതാര ക്ഷേത്രം സ്ഥിതി ചെയ്യുന്ന മീനങ്ങാടി പഞ്ചായത്തുമാണ് 4 പഞ്ചായത്തുകള്‍.
ഭൂപ്രകൃതി
സുല്‍ത്താൻ ബത്തേരി ബ്ലോക്കിന്റെ വിസ്തീര്‍ണ്ണം 426.02 ച.സെ.മി യാണ്. കര്‍ണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഏക ബ്ലോക്കാണ് സുല്‍ത്താൻ ബത്തേരി. മിതശീതോഷ്ണ കാലാവസ്ഥ ഉള്ളതും കാര്‍ഷിക പ്രാധാന്യമുള്ളതുമായ ബ്ലോക്കാണ് സുല്‍ത്താൻ ബത്തേരി. കൃഷിക്ക് അനുയോജ്യമായ ചുവന്ന മണ്ണാണ് ഭൂരിഭാഗം പ്രദേശങ്ങളിലും. താഴ്ന്ന പ്രദേശങ്ങളില്‍വെളുത്തമണലുംകാണപ്പെടുന്നു. കാപ്പി, കുരുമുളക്, കവുങ്ങ്, തെങ്ങ്, വാഴ, തേയില, ഏലം, കൊക്കോ, പച്ചക്കറി, നെല്ല്, ഇഞ്ചി, മഞ്ഞള്‍, ജാതി, റബര്‍ തുടങ്ങിയവയാണ് പ്രധാന കാര്‍ഷിക വിളകള്‍.
നൂല്‍പ്പുഴ, കല്ലൂര്‍പ്പുഴ, ചിറ്റൂര്‍പ്പുഴ, നമ്പിക്കൊല്ലിപ്പുഴ, കാരാപ്പുഴ, തൊടുവെട്ടിത്തോട് എന്നിവയാണ് പ്രധാന ജലസ്രോതസ്സുകള്‍ ഇവയുടെ വൃഷ്ടിപ്രദേശങ്ങളില്‍ അധികവും നിത്യഹരിത വനങ്ങളാണ്. വയനാടിന്‍ പാരിസ്ഥിതിക സന്തുലനാവസ്ഥ നിലനിര്‍ത്തുന്നതിൽ ഇവയുടെ പങ്ക് നിര്‍ണ്ണായകമാണ്. അതുപോലെ പുല്‍മേടുകളും ചോലവനങ്ങളും ചെറുകുളങ്ങളും നെല്‍വയലുകളും തലക്കുളങ്ങളും എല്ലാം തന്നെ ആവാസവ്യവസ്ഥയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നവയാണ്. എന്നാല്‍ മനുഷ്യരുടെ ചൂഷണം മൂലം കാടുകളുടെ സന്തുലനാവസ്ഥ തകര്‍ച്ച നേരിടുകയാണ്. വിശാലമായ നീലഗിരി ജൈവമേഖലയില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ്. സുല്‍ത്താൻ ബത്തേരി ബ്ലോക്ക് അതിവിശാലമായ നെല്‍വയലുകളാൽ സമൃദ്ധമാണ്.
കേരളത്തിന്റെ വിദേശ സഞ്ചാര ഭൂപടത്തില്‍ സുല്‍ത്താൻ ബത്തേരിക്ക് പ്രമുഖ സ്ഥാനമാണുള്ളത്. നൂല്‍പ്പുഴ പഞ്ചായത്തിലെ മുത്തങ്ങ വന്യജീവി സങ്കേതവും, അമ്പലവയല്‍ പഞ്ചായത്തിലെ കാരാപ്പുഴ ഡാം, പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം, നെന്മേനി പഞ്ചായത്തിലെ എടക്കല്‍ഗുഹ എന്നിവിടങ്ങളില്‍ ധാരാളം വിനോദ സഞ്ചാരികള്‍ എത്തുന്നുണ്ട്. മീനങ്ങാടി പഞ്ചായത്തിലെ മത്സ്യാവതാരക്ഷേത്രം, മാനികാവ് ക്ഷേത്രം, നൂല്‍പ്പുഴ പഞ്ചായത്തിലെ പൊന്‍കുഴി ക്ഷേത്രം തുടങ്ങിയ പൗരാണിക ക്ഷേത്രങ്ങളും സുല്‍ത്താൻ ബത്തേരി ബ്ലോക്കിലാണ്.